velurgp.in

വേലൂർ ഗ്രാമപഞ്ചായത്ത്

തനിമയും പാരമ്പര്യവും കൈകോർത്ത്

0488-5285431

ചരിത്രം

സമഗ്ര അവലോകനം

ഏതൊരു നാടിനും അവിടത്തെ ജനങ്ങൾക്കും ഇന്നലെകൾ സമ്പന്നമായ ചരിത്രമായിരിക്കും. നാൾവഴികളിലൂടെ കൈമാറികിട്ടിയ ചരിത്രത്തിന്റെ ഓരോ ഏടും ഗൃഹാതുരത്വം നിറഞ്ഞതായിരിക്കും. ഇന്നലെകളുടെ പാതയിലൂടെയുള്ള തീർത്ഥ യാത്രയിൽ രാജ്യത്തിന്റെ പുരോഗതിയോടൊപ്പം വികസനത്തിന്റെ നാമ്പുകൾ മുളയ്ക്കുകയും ആസുത്രണവും നിർവ്വഹണവും നടത്തി ദശാബ്ദങ്ങളുടെ പ്രയ ഫലങ്ങൾ കൊണ്ട് കരുത്തോടെ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു മേന്മയേറിയ ചരിത്രം ഏതൊരു നാടിനും പറയാനുണ്ടാവും.

വേലൂർ എന്ന് പേരുണ്ടായതിനെപ്പറ്റി പ്രബലമായി ചില യുക്തിചിന്തകൾ ഉണ്ട്. പാലക്കാട് ജില്ലയിലെ വള്ളുവനാട് എന്ന പ്രദേശത്ത് അതിവസിച്ചിരുന്ന വള്ളുവർ – തിരുക്കുറൾ രചിച്ച തിരുവള്ളുവരുടെ അനുയായികൾ – ഈ പ്രദേശത്ത് കുടിയേറി പാർത്തിരിക്കാമെന്നും വള്ളുവരുടെ ഊര് എന്നത് ചുരുങ്ങി വള്ളൂർ എന്നായി മാറി പിന്നീട് വല്ലൂർ എന്നും വെല്ലൂർ എന്നും പിന്നീട് രൂപഭേദപ്പെട്ട് വേലൂർ എന്നും ആയതായി ഒരുപക്ഷം. വേലകളുടെ ഊര് എന്നത് രൂപപ്പെട്ട് ഒറ്റപദമായി വേലൂർ എന്നായതായും മറ്റൊരു പക്ഷം. ഇതിൽ കൂടുതൽ ലാഘവമുള്ളത് രണ്ടാമത്തേതാണെങ്കിലും മണിമലർക്കാവിലല്ലാതെ അടുത്തൊന്നും വേലകൾ പ്രധാനമായി ഇല്ല എന്നും കാണുന്നു. എന്നാൽ 18 ദേശങ്ങൾ ഈ വേലയുടെ ഭാഗമായതിനാൽ പഞ്ചായത്തിലെ എല്ലാ ദേശങ്ങളും ഈ ഉത്സവത്തിൽ ഉൾപ്പെട്ടുവെന്നും അതുകൊണ്ടാണ് വേലകളുടെ ഊര് വേലൂർ എന്ന് പേരായത് എന്നും പറയുന്നു.

ശ്രീ. ഷോബി. ടി. ആർ

വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

സാംസ്കാരിക പശ്ചാത്തലം

വേലൂർ പഞ്ചായത്തിന്റെ ചരിത്രപരമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അറിയുന്നതിന് ഐതിഹങ്ങളുടേയും, കാരണവരൻമാരുമായി നടത്തിയ സംവാദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ആശയങ്ങളുടേയും, പഞ്ചായത്തിലുള്ള പ്രഗൽഭ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടേയും സംവാദങ്ങളിൽ നിന്ന് അറിവായ വസ്തുവകകളുടേയും ഒരു സമന്വയം മാത്രമാണിത്.

ജന്മിനാടുവാഴിത്ത വ്യവസ്ഥയിൽ നിന്ന് ആരംഭിക്കാം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരു സാമാന്തരാജാവായിരുന്ന തലപ്പിള്ളി രാജാവിന്റെ ഭരണ അതിർത്തിയിൽ പ്പെട്ടതായിരുന്നു ഈ പഞ്ചായത്ത് പ്രദേശം (ചെങ്ങഴിക്കോട് എന്നാൽ ഇന്നത്തെ വേലൂർ പഞ്ചായത്ത് പ്രദേശം). ചെങ്ങഴിക്കോട് നമ്പ്യാർ നാടുവാഴിയായിരുന്നു. പിന്നീട് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറുകയും (സാമൂതിരിയുടെ ആക്രമണഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെടുകയാൽ) തത്ഫലമായി കൊച്ചി രാജ്യഭാഗമാവുകയും ചെയ്തു. 18 പ്രദേശങ്ങളുടെ പ്രാദേശിക ഭരണാധികാരം നമ്പ്യാർക്കായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി ഓരോദേശത്തും ഓരോ സ്ഥാനീ നായരെ പടത്തലവൻമാരായി നിയോഗിച്ച് അധികാരം കൊടുത്തു. അധികാര ചിഹ്നമായ “കടുത്തല” (ഒരു തരം വാൾ). ചില പടനായക വനങ്ങളിൽ ഇപ്പോഴും കാണാം.

സാമ്പത്തികചുമതല ജന്മിമാർക്കായിരുന്നു. ജന്മിമാർ മിക്കതും ബ്രാഹ്മണരായി രുന്നു. ആത്മീയാധിപത്യം ബ്രാഹ്മണർക്ക് (നമ്പൂതിരിമാർ) കൊടുത്തു. ഈ പഞ്ചായ ത്തിലെ മണിമലർക്കാവ് ചെങ്ങഴിക്കോട് നമ്പ്യാരുടെ പരദൈവമായികരുതി 18 ദേശങ്ങളും മണിമലർക്കാവിന്റെ തട്ടകമെന്നപേരിൽ വന്നു. തട്ടകത്തിന്റെ ഭൗതികവും ആത്മീയവുമായ കേന്ദ്രമായി പ്രസ്തുത ദേവാലയം ആണ്ടിലൊരിക്കൽ തട്ടകനിവാസികൾ മുഴുവൻ കുംഭ ഭരണി ദിവസം ക്ഷേത്രത്തിൽ സമ്മേളിക്കുക നിർബന്ധമായിരുന്നു. പരിശീലന കളരികളുടെ ഉടമസ്ഥതയും സൈനികമേധാവിത്വവും ഉണ്ടായിരുന്ന പണിക്കൻമാരുടെ സ്ഥാനം കരിയന്നൂർ ആയിരുന്നു എങ്കിലും ഇപ്പോഴും അതിന്റെ ഒരു ശാഖ പഴവൂരിൽ ഉണ്ട്. ദേശങ്ങളിൽ വിവിധ ആരാധനാലയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ക്ഷേത്രങ്ങൾ ക്കായിരുന്നു പ്രാധാന്യം. ദേശത്തുള്ള ഭൂമി മുഴുവനും ദേവസ്വം ഭൂമിയും അവയുടെ നിയന്ത്രാണാധികാരം ഊരായ്മക്കാരായി അധികവും നമ്പൂതിരിമാർ ആയിരുന്നു. അവരുടെ അധീനതയിൽ കുടിയാൻമാർ ഭൂമി കൈവശം വച്ച് കൃഷിചെയ്തുപോന്നു. നിശ്ചിതമായ പാട്ടം ജന്മിമാർക്ക് കൊടുത്തിരുന്നു. അതിന്റെ ഒരു ഭാഗം ജന്മികൾ ദേവാലയങ്ങളുടെ നടത്തിപ്പിന് വിനിയോഗിച്ചിന്നു. ഏതാണ്ട് 1967 വരെ ഇതേ വ്യവസ്ഥിതി നിലനിന്ന് പോരുകയും പിന്നീട് ഈ നില പൂർണ്ണമായും മാറ്റപ്പെടുകയും ചെയ്തു.

തൊഴിലധിഷ്ഠിതമായി ജാതിവ്യവസ്ഥ നിലനിന്ന് വന്നിരുന്നു. പിന്നീട് ക്ഷേത പ്രവേശന വിളംബരത്തിന്റെ ഭാഗമായി താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം സാധ്യമായി. 1958 വരെ കാവുകളിലെ താലപ്പൊലികൾക്ക് സ്ത്രീകൾ മാറുമറക്കാതെ അർദ്ധനഗ്നരായി താലമെടുത്ത് ഉത്സവപ്പറമ്പുകളിൽ നിൽക്കുന്ന കാഴ്ച കാണാമായിരുന്നു. വേലൂർ മണിമലർക്കാവ് ഉത്സവത്തിനും ഈ പതിവ് ഉണ്ടായിരുന്നു. തമ്പുരാക്കൻമാരുടേയും കോമരങ്ങളുടേയും ഭീഷണിയെ ചെറുത്ത് തോൽപ്പിച്ച് കൊണ്ട് സംഘടിതമായ ബഹുജനമുന്നേറ്റത്തോടെ ആ പ്രാകൃതാചാരം നാമാവശേഷമായി.

 

ആരാധനാലയങ്ങൾ മിഴിവേകിയ സഹവർത്തിത്വം

തൊഴിലധിഷ്ഠിതമായി ജാതിവ്യവസ്ഥ നിലനിന്ന് വന്നിരുന്നു. പിന്നീട് ക്ഷേത പ്രവേശന വിളംബരത്തിന്റെ ഭാഗമായി താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം സാധ്യമായി. 1958 വരെ കാവുകളിലെ താലപ്പൊലികൾക്ക് സ്ത്രീകൾ മാറുമറക്കാതെ അർദ്ധനഗ്നരായി താലമെടുത്ത് ഉത്സവപ്പറമ്പുകളിൽ നിൽക്കുന്ന കാഴ്ച കാണാമായിരുന്നു. വേലൂർ മണിമലർക്കാവ് ഉത്സവത്തിനും ഈ പതിവ് ഉണ്ടായിരുന്നു. തമ്പുരാക്കൻമാരുടേയും കോമരങ്ങളുടേയും ഭീഷണിയെ ചെറുത്ത് തോൽപ്പിച്ച് കൊണ്ട് സംഘടിതമായ ബഹുജനമുന്നേറ്റത്തോടെ ആ പ്രാകൃതാചാരം നാമാവശേഷമായി.

മതസൗഹാർദ്ദം ശക്തമായി നിലനിർത്തിയ സാമൂഹിക പശ്ചാത്തലമാണ് വേലൂർ പഞ്ചായത്തിന്റെ മേന്മകളിൽ പ്രധാനം. പ്രത്യേക വിശ്വാസപ്രമാണങ്ങളും ആരാധന സമ്പ്രദായങ്ങളും ആചാര്യ വിശേഷങ്ങളുമാണെങ്കിലും ഹൈന്ദവരും, ക്രിസ്ത്യാനികളും, മുസ്ലീമുകളും, പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിഞ്ഞ ചരിത്ര പശ്ചാത്തലമാണ് വേലൂരിലുള്ളത്.

ഇടവകകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളും, വഖഫ് ബോർഡ് ഭരണത്തിലുള്ള മുഹമ്മദ്ദീയ ദേവാലയങ്ങളും പ്രത്യേകം പരിശീലനം ലഭിച്ച പുരോഹിതൻമാരുടേയും മതമേലദ്ധ്യക്ഷൻമാരുടേയും ഇടവകക്കാരുടേയും നിയന്ത്രണത്തിൽ സ്വച്ഛന്ത പ്രവർത്തനം നടത്തിപ്പോരുന്നു. ഒട്ടനവധി ക്ഷേത്രങ്ങൾ പഞ്ചായത്തിൽ നിലവിലുണ്ട് ഇവയിൽ ശിവൻ, വിഷ്ണു, ദുർഗാ ക്ഷേത്രങ്ങൾ, ശാസ്താ ക്ഷേത്രങ്ങൾ, പാമ്പിൻകാവുകൾ എന്നിവയിൽ സസ്യോത്പന്നം മാത്രം നിവേദ്യമായിട്ടുള്ളതും കാളീക്ഷേത്രങ്ങൾ കുടുംബപര ദൈവങ്ങൾ എന്നിവയിൽ മദ്യമാംസാദികൾ അർപ്പിക്കപ്പെടുന്നവയുമാണ്. ഇവയ്ക്കു പുറമെ കുംഭാരൻമാരുടെ ആരാധനാമൂർത്തിയായ മാരിയമ്മനെ പ്രതിഷ്ഠിച്ച് ആരാധനാ ലയവും ഇവിടെയുണ്ട്. തുലാം മാസത്തിലെ വാവ് പ്രധാനമായ കോടശ്ശേരിമലയിലെ ആരാധനാലയവും പ്രസിദ്ധമാണ്. ഹരിജനങ്ങളുടെ ആഭിമുഖ്യത്തിൽ ആത്മീയ പരിവേഷത്തോടുകൂടിയ “പോത്തോട്ടം” എന്ന കാർഷിക പെരുമയുടെ പ്രതീകമായിരുന്ന കാർഷികോത്സവം ഇന്നും നടത്തിവരുന്നു.

ഈ പഞ്ചായത്തിലെ പ്രത്യേകം പഠനാർഹമായ ആഘോഷമാണ് മണിമലർക്കാവ് ക്ഷേത്രത്തിലെ കുതിരവേല. 18 ദേശങ്ങളിൽ നിന്നും പടയാളികളും തലവൻമാരും അടിമകളും കെട്ടുകുതിരകളെ എടുത്ത് ആർപ്പുവിളിച്ച് ആഘോഷത്തോടെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന അരിപ്പറ എഴുന്നള്ളിപ്പിൽ പണ്ട് ഒരു വരിയായി നിൽക്കുന്ന സ്ത്രീകളുടെ നടുവിലൂടെ പാണ്ടിമേളത്തിന്റെ താളമനുസരിച്ച് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിരൂപമായി ഭക്തർ ദർശിച്ചു. പിറ്റേന്ന് കാലത്ത് കുതിരകളെ വേലകയറ്റി കോമരത്തിന്റെ അനുവാദത്തോടെ പടയണി തിരിച്ചുപോകുന്നു. കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക ദിവസങ്ങളിലാണ് ഈ വേല നടക്കുന്നത്. പിന്നീട് 7 ദിവസം നട അടക്കൽ 7-ാം ദിവസം കോഴി, ആട് എന്നിവയെ കുരുതികൊടുത്ത് വേല അവസാനിക്കുന്നു. മണിമലർക്കാവ് വേല വേലൂരിലെ മുഴുവൻ ജനവിഭാഗവും ഒരുപോലെ ആഘോഷിക്കുന്നു.

വേലൂരിലെ അതിപുരാതനമായ ക്ഷേത്രമാണ് കിരാലൂർ ശിവക്ഷേത്രം. ഏതാണ്ട് രണ്ടായിരത്തി ഇരുപത് വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ചേറന്തല ശിവക്ഷേത്രം. ഇതാണ് പ്രബോധനം എന്ന് സംസ്കൃത ഭാഷ വ്യാകരണ ഗ്രന്ഥകർത്താവ് സ്തുതിക്കുന്ന വെള്ളൂർ മഹാദേവക്ഷേത്ര മെന്ന് പറയുന്നു. ഈ ക്ഷേത്രവും ചിരപുരാതനക്ഷേത്രമെന്ന് പറയുന്നു.

വളരെ പ്രസിദ്ധമാണ് വേലൂർ പള്ളി, ഭാരതീയ ഭാഷകളോട് പ്രത്യേകിച്ച് സംസ്കൃതം, മലയാളം എന്നീ ഭാഷകളോട് വളരെ ആദരവും ഭാരതീയ ദർശനങ്ങളോടും ഭൗതിക വിഭവങ്ങളോടും അത്യധികം ബഹുമാനമുണ്ടായിരുന്ന അർണോസ് പാതിരിയുടെ സാന്നിദ്ധ്യവും സേവനവും ലഭിച്ച പള്ളിയാണിത്. കേന്ദ്രപുരാവസ്തുവകുപ്പിന്റെ കീഴിൽ അർണോസ്പാതിരിയുടെ സ്മാരകവും ഇവിടെ നിലവിലുണ്ട്.

ഗ്രാമപഞ്ചായത്തും പഞ്ചായത്തും

ലഭ്യമായ വിവരം വച്ച് 1936-ലാണ് വേലൂർ പഞ്ചായത്ത് നിലവിൽ വന്നത്. അതിനും മുമ്പേ 1914-ൽ കൊച്ചി രാജാവിന്റെ വിളംബരപ്രകാരം കൊച്ചിരാജ്യത്ത് പഞ്ചായത്തുകൾ രൂപംകൊണ്ടു എന്നും സമൂഹത്തിൽ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നാലോ അഞ്ചോ വ്യക്തികൾ ചേർന്ന് ഗ്രാമപഞ്ചായത്തിൽ നാട്ടുനടപ്പനുസരിച്ച് ഭരണം നടത്തിയിരുന്നതായും അറിയുന്നു. അക്കാലത്ത് പഞ്ചായത്ത് തലത്തിൽ കോടതി പ്രവർത്തനവും അതിനൊരു ജഡ്ജിയും ഉണ്ടായിരുന്നുവത്രെ. അതുപ്രകാരമുണ്ടായിരുന്ന പഞ്ചായത്ത് ജഡ്ജിമാരായിരുന്നവരിൽ ചിലരാണ് പടിഞ്ഞാറൂട്ട് തൊറയൻ, പറക്കുത്ത് രാമൻ എന്ന് അറിയുന്നു.

ചെറുകിട വ്യവസായം

വേലൂർ ഗ്രാമപഞ്ചായത്തിന് ചെറുകിടവ്യവസായസംരംഭങ്ങൾക്കായി ഒരു ഏക്കർ ഭൂമി സ്വന്തമായി ഉണ്ട് എന്നതൊഴിച്ചാൽ കാര്യമായ ചലനങ്ങൾ ചെറുകിട വ്യവസായരംഗത്ത് ഇല്ല. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചെറുകിടവ്യവസായ സൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റാൻ ഗ്രാമപഞ്ചായത്ത് ആഗ്രഹിക്കുന്നു.

ഗ്രാമപഞ്ചായത്തിന്റെ മണ്ണും, മണവും ഉൾക്കൊള്ളുന്ന ചെറുകിട വ്യവസായ ങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഈ ഭൂമി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം.

പരിശീലനം

സ്ത്രീകൾക്കും, യുവജനങ്ങൾക്കും വിദഗ്ധപരിശീലനം നൽകി സ്വയം സംരംഭങ്ങൾക്ക് പ്രാപ്തരാക്കുവാൻ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. പഞ്ചായത്തിൽ നാളിതുവരെ നടത്തിവന്നിരുന്ന തയ്യൽ, ബ്യൂട്ടിഷൻ, പേപ്പർ നിർമ്മാണം എന്നവയിൽ നൽകിവന്നിരുന്ന പരിശീലനത്തിനു പുറമെ കമ്പ്യൂട്ടർ, വെൽഡിംഗ്, അപ്ഹോൾസ്റ്ററി, മരപ്പണി എന്നിവയിൽ കൂടി പരിശീലനം നൽകാൻ ഗ്രാമപഞ്ചായത്ത് താത്പര്യപ്പെടുന്നു. ഇതിനായി മണ്ണുത്തിയിലുള്ള റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (RSETI), തിരുവനന്തപുരത്തുള്ള കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്ക് ലിമിറ്റഡ്. എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലനം നൽകും.

നാളികേരസംരംഭം

ഗ്രാമപഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന നാളികേരം മൂല്യവർദ്ധിത ഉൽപ്പനങ്ങൾ ആക്കാനുള്ള വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക,നാളികേരം സംഭരിച്ച് വെളിച്ചെണ്ണ, കൊപ്ര, ആക്റ്റിവേറ്റഡ് കാർബർ, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവ ഉൽപ്പാദിപ്പിക്കാനുള്ള പരിശീലനം നൽകുക, ബാങ്കുകളും സഹകരണ സംഘങ്ങളുമായി സഹകരിച്ച് വായ്പ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുക അനുമതിക്കാവശ്യമായ രേഖകൾ ശരിയാക്കി നൽകുക എന്നീ കാര്യങ്ങൾ നടത്തുന്നതിൽ ഗ്രാമപഞ്ചായത്ത് ശ്രദ്ധിക്കും. ഇതിനായി നാളികേരവികസന ബോർഡ് മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമീണജനങ്ങളെ സ്വയംപര്യാപ്തരാക്കും.

പാൽ ഉൽപ്പനങ്ങൾ

പാൽ ഉൽപ്പനങ്ങളായ പേട, ബർഫി, പാൽപ്പൊടി തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലനവും, സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ വായ്പകളും ലഭ്യമാക്കാൻ പരിശ്രമിക്കും.

  • ഗ്രാമപഞ്ചയാത്തിൽ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുക.
  • അർഹരായ ഗുണഭോക്താക്കൾക്ക് ജോലി ചെയ്യാൻ ആവശ്യമായ തൊഴിൽ ശാലകൾ നിർമ്മിച്ചുനൽകുക.
  • പരിശീലനം ലഭിച്ച് മികവു ലഭിച്ചവർക്ക് വിപണനത്തിന്റെ സാധ്യതകളും, വിപണി പഠിക്കാനുള്ള അവസരങ്ങളും ഒരുക്കുക.
  • ചെറുകിടവ്യവസായത്തിലൂടെ ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പനങ്ങളുടെ മാർക്കറ്റിംങ്ങ് നടത്തുവാൻ സഹായിക്കുക
  • വ്യവസായങ്ങൾ തുടങ്ങുവാൻ ആവശ്യമായ അനുമതികൾ ഏകജാലകം പോലുള്ള സംവിധാനത്തിൽ നടത്തി നൽകുക.